ഒരു നിലാവെളിച്ചമായി ഞാനും കുറച്ചു അക്ഷര നക്ഷത്രങ്ങളും .......

2011, ഒക്‌ടോബർ 16, ഞായറാഴ്‌ച

അപരാധി

നീ ബാക്കി വെച്ച ഗന്ധത്തിനൊടുവില്‍
മിച്ചമെന്നു കരുതിയ നിഴലു-
മിരുളിന്നാഴങ്ങളിലേക്കൊളിച്ചു.
ഭയന്നും വിറച്ചുമിന്നെന്നാത്മാവ്
എന്റെ ഹൃദയ' വര്‍ണ്ണം കെടുത്തി.

വാളിനേക്കാള്‍ മൂര്‍ച്ചയുള്ളോരു
വാക്കിന്‍മുനയാല്‍ എന്നിലെയെന്നെ
കോര്‍ത്തു വലിച്ച, നാളുതൊട്ടന്നു-
ഞാന്‍, വെറുമൊരു ജഡം.!

എന്തിനു നീയെന്നിലേക്കെയ്തു
വിഷംപുരട്ടിയ വചസ്സുകളെ .?
ദംശനമേറ്റ് പിടഞ്ഞ വാക്കിന്റെ
കേളികളരങ്ങു വാണപ്പോള്‍
ഞാനൊറ്റയായി.. വെറും'ഒറ്റ'.!!

കര്‍മ്മഫലങ്ങളുടെ കണക്കെടുപ്പില്‍
കളം നിറഞ്ഞു കണ്ടതത്രയും
ചെയ്യാത്ത തെറ്റിന്റെ ഗുണനങ്ങള്‍.
എക്കാലവും തോറ്റവരുടെ കൂടെയാണ്
ഇന്നെന്റെ കര്‍മ്മവും ജീവിതവും..!

നഷ്ടങ്ങളുടെ നിറഞ്ഞ പാത്രത്തില്‍
ഔദാര്യമായി വിധി വീണ്ടും
കോരിയൊഴിച്ചൂ.. നഷ്ട ഭാരങ്ങളെ..!!
വിധിയുടെ നൂല്പ്പാലത്തിനു മുകളില്‍
പകച്ചു നില്‍ക്കയാണു ഞാന്‍
ദൈവത്തിന്‍ കരുതലിനായ്..!!!